അമർചിത്രകഥയെ തോൽപ്പിക്കുന്ന മുല മുറിയ്ക്കൽക്കഥ
നങ്ങേലിയുടെ മുലമുറിക്കൽക്കഥ പല മാദ്ധ്യമങ്ങളിലും പലഭാഷകളിലും പല രൂപത്തിലും പ്രത്യക്ഷപ്പെട്ടു. ഇവയ്ക്കെല്ലാം ആധാരം “ചിത്രകാരൻ” എന്നു സ്വയം വിശേഷിപ്പിക്കുന്ന ഒരു വ്യക്തി കുട്ടികൾക്കുള്ള ചിത്രകഥാ മാതൃകയിൽ ചിത്രങ്ങൾ വരച്ചു കഥ എഴുതി പ്രസിദ്ധീകരിച്ച ഒരു ഗ്രന്ഥം ആയിരുന്നു. ഇത് അദ്ദേഹത്തിന്റെയോ മറ്റാരുടെയൊ ഭാവനയിൽ ഉദിച്ച ഒരു കഥ മാത്രം ആണു്. ചിലപ്പോൾ പലരുടെ ഭാവന ഒത്തുചേർന്ന കഥയാകാനും സാദ്ധ്യതയുണ്ട്. മുകളിൽ പറഞ്ഞിരിക്കുന്ന ആംഗലേയ ലേഖനത്തിനും ആധാരം ഇതേ കുട്ടിക്കഥ തന്നെ ആയിരുന്നു. അതു കഥ ആയി പ്രസിദ്ധീകരിച്ചാൽ വലിയ കുഴപ്പം ഇല്ല. എന്നാൽ അതു ചരിത്രം ആണെന്നാണു് ചിത്രകാരൻ സഹിതം പലരുടെയും ശാഠ്യം. “ഹിന്ദു” എന്ന പേരിൽ നടത്തുന്ന പത്രവും ബി.ബി.സിയും വരെ ഈ ചിത്രകാരനെ അനുകരിച്ചു് നങ്ങേലിയുടെ മുലകൾ മുറിച്ചു. സ്വന്തം അങ്കണത്തിലെ അസംബന്ധം കാണാതെ മറ്റുള്ള ദേശങ്ങളിലെ ഇല്ലാത്ത വിഴുപ്പ് ഉണ്ടെന്നു കാട്ടി, വിഴുപ്പലക്കൽ ബിബിസി പണ്ടും നടത്തിയിട്ടുണ്ട്. 2012ലെ “Daughters of India”യുടെ അമിത പ്രാധാന്യം കൊടുത്തുള്ള പ്രദർശനവും പ്രചരണവും ഉദാഹരണം ആണ്. എന്നാൽ, സ്വന്തം രാജ്യത്തും മറ്റു പാശ്ചാത്യ രാജ്യങ്ങളിലും സ്ത്രീകളേയും പുരുഷന്മാരേയും ഉപയോഗിച്ചു നടത്തുന്ന, ലൈഗീക പീഡനങ്ങക്കും ലൈഗീക വ്യവസായങ്ങക്കും എതിരെ യാതൊരുവിധ പ്രതികരണവും ഉയർത്താതെ ഇരുന്നത്, അവരുടെ ലക്ഷ്യം തെറ്റിനെ എതിർക്കുകയല്ലാ എന്നും, ഭാരതത്തെ അവഹേളിക്കുക മാത്രം ആണെന്നും തെളിയിക്കുന്നു. ബി.ബി.സിയും മറ്റു മാദ്ധ്യമങ്ങളും ഭാരതത്തെപ്പറ്റി കഥകൾ സൃഷ്ടിച്ചു വാർത്തകൾ ആയി അവതരിപ്പിക്കുകയും, അവരുടെ നാട്ടിൽ നടന്ന സംഭവങ്ങൾ രഹസ്യമാക്കി വയ്ക്കുകയും ഇന്നും (എന്നും) സർവ്വസാധാരണം ആണു്. മാദ്ധ്യമ ധർമ്മം എന്നൊന്നു് നിലവിൽ ഉണ്ടെന്നു തോന്നുന്നില്ല. ഞാൻ മാദ്ധ്യമ പ്രവർത്തനം പഠിച്ച 1960കളിൽ അങ്ങനെ ഒന്നുണ്ടായിരുന്നു. തുടക്കത്തിൽ തന്നെ അതു പഠിപ്പിക്കയും ചെയ്തിരുന്നു. വായനക്കാരുടെയും കാഴ്ച്ചക്കാരുടെയും എണ്ണം കൂട്ടി വരുമാനം വർദ്ധിപ്പിക്കുക ഇവരുടെ മറ്റൊരു ലക്ഷ്യം ആയിരിക്കാം ഇത്തരം കഥകളെ വാർത്ത ആക്കുന്നതിനുള്ള കാരണം. വെളിപ്പെടുത്താത്ത പരസ്യം (Paid News) ആയാലും വരുമാനം ഉണ്ടാകും എന്നതിനു സംശയം ഇല്ലല്ലോ? മതാഗിരണപ്പട പണം ധാരാളമായി ഈ വഴിക്കു ചിലവു ചെയ്യുന്നും ഉണ്ടു്. അവരിൽ നിന്നും വരുമാനം ഉണ്ടാകാം. ധാരാളം മാദ്ധ്യമങ്ങൾ ഇപ്പോൾ അവരുടെ സ്വന്തം ഉടമസ്തതയിൽത്തന്നെ നടത്തപ്പെടുന്നും ഉണ്ടു്. ഈ ചിത്രകഥയെ പകർത്തി സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട മറ്റൊരു നങ്ങേലിക്കഥയെ ചോദ്യം ചെയ്തപ്പോൾ, അതെഴുതിയ ചിലർ, സാമൂഹ്യ മാദ്ധ്യമങ്ങളിൽക്കൂടി വിശദീകരണം തരാൻ ശ്രമിച്ചു എങ്കിലും ആരും തന്നെ വിശ്വാസയോഗ്യമായ ഒരു ഉറവിടം ഈ കഥയ്ക്കു തന്നില്ല. ചിത്രകാരൻ എന്ന കഥ എഴുത്തുകാരൻ സ്വയം ഒരു തെളിവുതരാൻ ശ്രമം നടത്തി എങ്കിലും അതും സത്യം ആയിരുന്നില്ല. സരസകവി മൂലൂർ എസ്സ്. പത്മനാഭപ്പണിക്കരുടെ ജീവചരിത്രത്തിൽ ഈ നങ്ങേലിയുടെ മുലമുറിക്കൽ ചരിത്രമായി രേഖപ്പെടുത്തിയിട്ടുണ്ട് എന്നു് അദ്ദേഹം വാദിച്ചു. എന്നാൽ ‘അങ്ങനെ മൂലൂരിന്റെ ജീവചരിത്രത്തിൽ ഉണ്ടെന്നു്’ മറ്റാരോ എഴുതിയ ഒരു ഗ്രന്ഥത്തിൽ ഉള്ളതിന്റെ പകർപ്പാണു് അദ്ദേഹം തെളിവായി കാട്ടിയതു്. അങ്ങനെ ഒരു കഥയോ ചരിത്രമോ എന്റെ കൈവശമുള്ള സരസകവിയുടെ ജീവചരിത്രത്തിന്റെ പകർപ്പിൽ കാണുന്നും ഇല്ല.
ലക്ഷ്മിക്കുട്ടിയും നങ്ങേലിയും
ഏതാനും വർഷം മുമ്പു് സാമൂഹ്യ മാദ്ധ്യമങ്ങളിൽ 1952ൽ ഒരു ലക്ഷ്മിക്കുട്ടി എന്ന ഈഴവ സ്ത്രീ മാറുമറയ്ക്കൽ സമരം നടത്തിയതായി ഒരു കഥ പ്രത്യക്ഷപ്പെട്ടു. 1859ൽ മാറുമറയ്ക്കാനുള്ള അനുവാദം നൽകുന്ന തിട്ടൂരം ഇറങ്ങി അതിലൂടെ ചിലർക്കു് മാറുമറയ്ക്കാൻ ഉണ്ടായിരുന്നു എന്നു പറയപ്പെടുന്ന വിലക്കും മാറിയിരുന്നു. ആ സ്ഥിതിക്കു് ഇങ്ങനെ ഒരു സമരത്തിന്റെ ആവശ്യം തന്നെ ഇല്ല. എന്നാൽ, 1800കളിൽ മാത്രമല്ല പിന്നീടു് 1960-70കൾ വരേയും വൃദ്ധരായ ജനങ്ങൾ (അപൂർവ്വം ചിലരൊഴിച്ച്) ആരും തന്നെ മാറു മറച്ചിരുന്നില്ല എന്നതാണു് സത്യം. എല്ലാ ജാതി മത വിഭാഗങ്ങളിലും ഉള്ള പുരുഷന്മാരിലും സ്ത്രീകളിലും ഭൂരിഭാഗവും മാറുമറയ്ക്കാതെ ഇരിക്കുന്നതു് നേരിട്ടു കണ്ട വ്യക്തിയാണീ ഈ വാക്കുകൾ എഴുതുന്നതു്. ഇതാണു് സത്യം. മതാഗിരണപ്പട്ടവർ പലരും വളരെ മുമ്പു തന്നെ പാശ്ചാത്യരെ അനുകരിച്ചു മാറു മറച്ചും തുടങ്ങിയിരുന്നു. പിന്നെ എന്തിനാണീ പാവം “ലക്ഷ്മിക്കുട്ടി 1952ൽ മാറു മറയ്ക്കാതെ സമരത്തിനു പോയതു്” എന്നു ചോദിച്ചപ്പോൾ ലേഖന കർത്താവു് ഒരു മറുപടി തരാതെയും എന്റെ അഭിപ്രായപ്രകടനം പ്രസിദ്ധീകരിക്കാതെയും, ആ 1952 എന്നത് 100 വർഷം പിന്നോട്ടെന്നാക്കി. അതും ചോദ്യം ചെയ്യപ്പെട്ടപ്പോൾ കഥ വീണ്ടും പിന്നോട്ടു പോയി. തുടർന്നു് ലക്ഷ്മിക്കുട്ടി ഏതാണ്ടു് അപ്രത്യക്ഷയായി. മുല രണ്ടും മുറിച്ച നങ്ങേലി എന്ന ഈഴവ സ്ത്രീ ആയി സമരനായിക. പാലക്കാട്ടു നിന്നും കഥ ചേർത്തലയിലേക്കും മാറി. അതിനുശേഷം കഥകൾ രണ്ടായി. ഒന്നിൽ നങ്ങേലി നായിക, മറ്റേതിൽ ലക്ഷ്മിക്കുട്ടിയും. കരം പിരിക്കാൻ വന്ന ഉദ്യോഗസ്ഥനു മുന്നിൽ നിലവിളക്കു കത്തിച്ചു വച്ചിട്ടു്, നങ്ങേലി തന്റെ രണ്ടുമുലകളും മുറിച്ചു് കാഴ്ച്ചവച്ചു എന്നാണു് കഥ. ഒരു മുല തന്നെ മുറിച്ചു കാഴ്ച്ച വയ്ക്കുവാൻ പോലും ഒരു മനുഷ്യ ജീവിക്കും സാധിക്കില്ല. അതു നടക്കും മുമ്പു് മുല മുറിക്കപ്പെട്ടയാൾ കാഴ്ച്ചാവസ്തുവാകും. കഥകൾ ചമയ്ക്കുമ്പോൾ വിശ്വാസയോഗ്യമായി ചമയ്ക്കുകയല്ലേ നല്ലതു്. (3) ഒന്നിലധികം തവണ കഥ ചോദ്യം ചെയ്യപ്പെട്ടു എങ്കിലും ആ പ്രതികരണങ്ങൾ ഒന്നും പ്രസിദ്ധീകരിച്ചില്ല. എന്നാൽ തന്റെ കഥയിൽ, എന്റെ ചോദ്യങ്ങൾക്കു പ്രസക്തി ഇല്ലാതാക്കാൻ കഥാകൃത്തു് വേണ്ട തിരുത്തലുകൾ പലതും വരുത്തുകയും ചെയ്തു. ആംഗലേയത്തിലായിരുന്നു ലേഖനരൂപത്തിൽ വന്ന ഈ കഥ.
ശരിയായ ചരിത്രവും കഥയും
ഈ കഥയുടെ ചരിത്രം കൂടുതലായി തേടിപ്പോയപ്പോൾ മറ്റും ചില ചരിത്ര സത്യങ്ങൾ കൂടി ലഭിച്ചു. ആ സത്യങ്ങൾ ഇതാണു്. ചിത്രകാരൻ എന്നു സ്വയം വിശേഷിപ്പിക്കുന്ന ഈ വ്യക്തി ചരിത്രത്തിൽ നിന്നും “മുലക്കരം” എന്ന ഒരു വാക്കെടുത്തു വികസിപ്പിച്ചു് ഒരു കഥ എഴുതി. (മുൻ അദ്ധ്യായത്തിൽ മുലക്കരവും തലക്കരവും എന്തെന്ന് എഴുതിയിട്ടുണ്ടല്ലോ?) ചിത്രകാരൻ അദ്ദേഹം എഴുതിയതു ചരിത്രം ആണെന്നു പറഞ്ഞു. കൊച്ചു കുട്ടികൾ വരയ്ക്കുന്നതു പോലെ വരച്ച ചില ചിത്രങ്ങളും ചേർത്ത് കൊച്ചുപുസ്തകം രൂപത്തിൽ, (“അമർചിത്രകഥ”കളെപ്പോലെ) പ്രസിദ്ധീകരിച്ചു. അവ തന്നെ പകർത്തി സാമൂഹ്യ മാദ്ധ്യമങ്ങളിലും കഥാകൃത്തുതന്നെ പ്രസിദ്ധപ്പെടുത്തി. മറ്റും പലരും അദ്ദേഹത്തെപ്പോലെ പ്രസിദ്ധി പറ്റാൻ വേണ്ടി ആ കഥയുടെ പ്രസിദ്ധീകരണം ആവർത്തിച്ചു. ഇതു നടന്നു എന്നു കരുതപ്പെടുന്ന കാലത്തെ, ആദായനികുതി എന്നു പറയാവുന്ന നികുതിയായി വാങ്ങിയിരുന്ന കരത്തെ (ഈ നികുതി ഈടാക്കുന്നതിൽ വരുമാനം കണക്കിലെടുത്തിരുന്നുവോ എന്ന സംശയം നിലനിൽക്കുന്നു. നികുതി നീതി പൂർവ്വം അല്ലായിരുന്നു എന്നതു നിശ്ചയം തന്നെ) മുലയ്ക്കുള്ള കരമാണെന്നു പ്രചരിപ്പിച്ചു. ഇപ്പോൾ ശമ്പളത്തിൽ നിന്നും ആദായനികുതി, ശമ്പളം തരുന്നവരോ ശമ്പളം തരാൻ ചുമതലപ്പെട്ടവരോ എടുത്തു സർക്കാരിനു കൊടുക്കുക മിക്ക രാജ്യങ്ങളിലും പതിവാണല്ലോ? എന്നാൽ അക്കാലത്തു് അതല്ലായിരുന്നു പതിവു്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വീടുകളിൽ വന്നു വാങ്ങുകയായിരുന്നു. പ്രായപൂർത്തി ആയ പുരുഷനും സ്ത്രീയും കരം കൊടുക്കണം. അതു വാങ്ങാൻ വരുന്ന ഉദ്യോഗസ്ഥരിൽ ഒരുവൻ കാട്ടിയ ക്രൂരത എടുത്തു കാട്ടാനായിട്ടാണു് ഈ മുല മുറിയ്ക്കൽ കഥ ആദ്യമായി എഴുതപ്പെട്ടതു്. അതും പുരുഷനുള്ള കരം കൊടുക്കാൻ “ചക്രം” ഇല്ലാതെ ഇരുന്നതിനാൽ കുടുംബനാഥൻ ഒരു പുരുഷത്തല മുറിച്ചു കൊടുത്തു എന്നും, അതിനു ശേഷം സ്ത്രീയുടെ കരത്തിനുപകരം ഒരു സ്ത്രീ അവരുടെ “മുലകൾ” അറുത്തു കൊടുത്തു എന്നും ആണു് ആ കഥയിൽ പറയുന്നത്. അതും ചരിത്രമായിട്ടല്ല, ഒരു കഥ പറയപ്പെടുന്നുണ്ടെന്നാണു് ഇതെപ്പറ്റി ആദ്യമായി എഴുതപ്പെട്ടതു തന്നെ. കഥ സത്യം ആണെന്നോ, ചരിത്രം ആണെന്നോ എഴുതിയ ആൾ അവകാശപ്പെടുന്നും ഇല്ല. കരം പിരിക്കാൻ വരുന്ന ഉദ്യോഗസ്ഥരുടെ ക്രൂരതയും അഹങ്കാരവും ചൂണ്ടിക്കാട്ടാനായി ആരോ പ്രചരിപ്പിച്ച കഥയായിരുന്നു അതെന്നു് ആ വിവരണത്തിൽ നിന്നും വ്യക്തമായും മനസ്സിലാക്കാം.
വിവരം അറിഞ്ഞ ഉടനെ ആ സംഭവം നടന്നു എന്നു പറയപ്പെടുന്ന നട്ടിലെ രാജാവു് ആ കരം പിരിവു നിറുത്തിയതായും ആ കഥയിൽ തന്നെ പറയുന്നും ഉണ്ടു്. മലയരയ (മല അരയർ) സമുദായത്തിലുള്ള ഒരു കുടുംബത്തിനു നേരിട്ട ദുരന്തം എന്ന ഭാവനയിലാണ് ആ കഥ ഗ്രന്ഥകർത്താവ് എഴുതിയിരിക്കുന്നതും. ശ്രീമാൻ L.A. Krishna Iyer എഴുതിയ “Travancore Tribes And Castes എന്ന ഗ്രന്ഥത്തിൽ ഈ കഥ, ഒരു കഥയായിത്തന്നെ അദ്ദേഹം ചേർത്തിട്ടും ഉണ്ട്. മുല അറക്കപ്പെട്ടു എന്നു പറയപ്പെടുന്ന മലയരയ സ്ത്രീയ്ക്കു് ഒരു പേരുതന്നെ ആ കഥയിൽ പറഞ്ഞിട്ടില്ല. ആ പേരില്ലാത്ത മലയരയ സ്ത്രീയെ നങ്ങേലിയെന്ന ഈഴവസ്ത്രീയാക്കി, ചേർത്തലയിലേക്കു സ്ഥലം മാറ്റവും കൊടുത്തു. പുരുഷനെ തഴഞ്ഞു. പുരുഷന്മാർക്കെതിരായ വിവേചനം ആയിരിക്കണം ഇതു്. (“ഫെമിനിച്ചികൾ” എന്ന പോലെ “മസ്ക്കുല്യൻ-അച്ചന്മാർ”, അതായത് Male Activistകൾ ജന്മം എടുക്കേണ്ട സമയം ആയിരിക്കുന്നു.) ഈ ചിത്രകാരനും മുമ്പും ഒരു സദാശിവൻ (ചരിത്രകാരൻ എന്നു് സ്വയം അവകാശം ഉന്നയിക്കുന്ന ഒരു വ്യക്തി) ഈ Caste Conversion നടത്തി ഇതു ചരിത്രം ആണെന്നു അവകാശപ്പട്ടതായി ആരോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ എഴുതിക്കണ്ടു. ഏതായാലും ഇങ്ങനെ സത്യത്തിന്റെ കണിക പോലും ഇല്ലാത്ത കഥകൾ സൃഷ്ടിക്കുന്നതിനു പിന്നിൽ പല ഗൂഢമായ ഉദ്ദേശങ്ങളും കാണണം. ഇവിടെ “ഈഴവർ” എന്നറിയപ്പെടുന്ന ജനങ്ങളേയും “സവർണ്ണർ” എന്നു പറയപ്പെടുന്ന ജനങ്ങളേയും തമ്മിൽ കലഹിപ്പിക്കുകയാണു് ഈ കഥയ്ക്കു പിന്നിലെ ലക്ഷ്യം എന്നതു വ്യക്തവും ആണു്. ഭരണത്തിൽ ഉള്ളവർ ഇതെപ്പറ്റി അന്വഷിക്കുന്നതു നന്നായിരിക്കും. ശ്രീമാൻ അയ്യരുടെ ഗ്രന്ഥത്തിൽ അക്കാലത്തു് മുസ്ലീങ്ങൾ അയൽവാസികളായ മുസ്ലീങ്ങൾ അല്ലാത്തവരെ വളരെ ക്രൂരമായി പീഡിപ്പിച്ചിരുന്നൂ എന്നു് വ്യക്തമായിത്തന്നെ പറയുന്നുണ്ട്. എന്നാൽ ഇന്നു “മുലക്കരം” എന്നപേരിനെ തെറ്റായി മാറു മറയ്ക്കാനുള്ള നികുതി ആയിരുന്നു എന്നു പ്രചരിപ്പിച്ചു കോളിളക്കം സൃഷ്ടിക്കാൻ ശൃമിക്കുന്നവർ അതെപ്പറ്റി ഒന്നും പറയുന്നും ഇല്ല. പഴയകാല ഗ്രന്ഥങ്ങൾ പരിശോധിച്ചാൽ, പഴയ കുടുംബ ചരിത്രങ്ങൾ നോക്കിയാൽ, 1800 കളിലും 1900 കളുടെ ആദ്യ പകുതിയിലും എടുത്ത ചിത്രങ്ങൾ പരിശോധിച്ചാൽ, മാറുമറയ്ക്കാത്ത ധാരാളം ജനങ്ങളെപ്പറ്റി വായിക്കാം, അവരുടെ പടങ്ങളും കാണാം, കേരളത്തിൽ മാത്രം അല്ല എഷ്യയുടെ പല ഭാഗങ്ങളിലും ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലും ഉള്ള പുരുഷന്മാരേയും സ്ത്രീകളെയും ഇങ്ങനെ കാണാം. പല ജാതിയിൽ ഉള്ളവരേയും “Caste”ൽ ഉള്ളവരേയും “Religion”ൽ ഉള്ളവരേയും, “മതത്തിൽ” വിശ്വസിക്കുന്നവരേയും, “മതവും” “ജാതിയും” “Casteഉം” “Religionഉം” ഇല്ലാ എന്നു് അവകാശവാദം ഉയർത്തുന്ന രാജ്യങ്ങളിൽ ഉള്ളവരേയും കാണാം. മാറു മറയ്ക്കാത്തവർ കേരളത്തിൽ മാത്രം അല്ലാ ലോകത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടായിരുന്നു എന്നും, കേരളത്തിൽ ജാതി അതിനൊരു മാനദണ്ഡം ആയിരുന്നില്ലാ എന്നും ആ പടങ്ങൾ കണ്ടാൽ മനസ്സിലാക്കാം. സംശയം ഉള്ളവർ ഇന്റർനെറ്റിൽ ഒന്നു പരതിയാൽ കാണാം മാറുമറയ്ക്കാത്ത ജനങ്ങളുടെ ധാരാളം പടങ്ങൾ, ലോകം എമ്പാടും ഉള്ളവരുടെ പടങ്ങൾ കാണാം. മാറു മറച്ച ഈഴവ സ്ത്രീകളുടേയും മാറുമറയ്ക്കാത്ത ബ്രാഹ്മണ സ്ത്രീകളുടേയും നായർ സ്ത്രീകളുടേയും പടങ്ങൾ കാണാം. വസ്ത്രം കൊണ്ടു മാറു മറച്ചിരുന്നില്ലാ എങ്കിലും സ്വർണ്ണാഭരണങ്ങളാൽ മാറു മറഞ്ഞു പോയവരുടെ ചിത്രങ്ങളും കാണാം. ആ പടങ്ങൾ കാണുമ്പോൾ ജാതി അല്ലായിരുന്നു മറു മറയ്ക്കാതെ ഇരിക്കുന്നതിനും, മറയ്ക്കുന്നതിനും ഉള്ള കാരണം എന്നും മനസ്സിലാക്കാം. സമീപ കാല ചിത്രങ്ങൾ നോക്കിയാൽ പാശ്ചാത്യ നാടുകളീൽ ആണു് മാറു മറയ്ക്കാതെ ഉള്ളവർ (ഭാഗീകമായി എങ്കിലും മറയ്ക്കാത്തവർ) കൂടുതലായി ഉള്ളതെന്നും കാണാം. ഭാരതത്തിലേക്കും കേരളത്തിലേക്കും ഇതു വളരെ വേഗം പടരുന്നും ഉണ്ടു്. ഈ മാറുമറയ്ക്കലും മറയ്ക്കാതെ ഇരിക്കലും ലോകം എമ്പാടും മനുഷ്യരുടെ വസ്ത്രധാരണത്തിൽ ഉണ്ടായ മാറ്റങ്ങളെ കാട്ടുക മാത്രമേ ചെയ്യുന്നുള്ളൂ എന്ന് അപ്പോൾ ആർക്കും മനസ്സിലാക്കാം. മാറു മറയ്ക്കാത്ത പ്രായമായ സ്ത്രീകളും പുരുഷന്മാരും എന്റെ ബാല്ല്യകാലത്ത് ധാരാളം ഉണ്ടായിരുന്നു, എല്ലാ ജാതിയിലുള്ളവരും മതത്തിൽ ഉള്ളവരും. എന്റെ മാതാമഹിയുടെയും പിതാമഹിയുടെയും അവരുടെ പ്രായം ഉള്ള ഞങ്ങളുടെ അയലവാസികളായിരുന്ന റാഹേൽ അമ്മച്ചിയും മറിയാമ്മ അമ്മച്ചിയും മാറു മറച്ചിരുന്നില്ല. ഞങ്ങളുടെ നാട്ടിൽ മുസ്ലീങ്ങൾ (ഒരു യുവാവ് ഒഴിച്ച് മറ്റാരും ഉണ്ടായിരുന്നില്ല, ആ യുവാവ് മാറു മറച്ചിരുന്നും ഇല്ല) ഇല്ലാതിരുന്നതിനാൽ അവർ മറച്ചിരുന്നുവോ എന്നത് നേരിട്ടറിവില്ല.
മതാഗിരണ പ്രചരണങ്ങളുടെ ഭാഗമായി, അവരുടെ പ്രത്യക്ഷമോ പരോക്ഷമോ ആയ പ്രേരണയാൽ സൃഷ്ടിക്കപ്പെട്ട ഒരു കഥ മാത്രം ആണു് ഈ നങ്ങേലിക്കഥ എന്നതിൽ സംശയം ഇല്ല. എന്നാൽ ഇതു ചരിത്രം ആണെന്ന പ്രചരണവുമായി ചലച്ചിത്രം നിർമ്മിക്കാൻ ഒരു ചലച്ചിത്ര സവിധായകനും, നങ്ങേലിയ്ക്കു ചേർത്തലയിൽ സ്മാരകം നിർമ്മിക്കാൻ കേരള സർക്കാരും തുനിയുന്നതായും വാർത്തകളിൽ കണ്ടു. ഇങ്ങനെ കലയുടേയും സമത്വത്തിന്റെയും പേരിൽ അസത്യങ്ങളെ സത്യം ആക്കാതിരുന്നാൽ നന്നായിരിക്കും. പൊതുവായ സ്വത്തുക്കൾ ഇത്തരം സ്മാരകങ്ങൾ നിർമ്മിക്കാൻ വ്യയം ചെയ്യാതെ ഇരിക്കുക. സിനിമാ (കു) ബുദ്ധിജീവികളും മറ്റു സാഹിത്യ (കു)ബിദ്ധിജീവികളും സത്യം കൈവിടാതെയും ഇരിക്കുക.
എഴുതിയതു് -ഉദയഭാനു മൂലൂർ പണിക്കർ ©